ചാന്ദ്രികാശ്ശേഷണങ്ങള്‍

 ഷഹബാസ് പാഴൂര്‍ 

അടുത്ത മാസം ഫെബ്രുവരിയില്‍ ഐ.എസ്.ആര്‍.ഒ യുടെ കീഴില്‍ ചന്ദ്രനിലേക്കൊരു ടൂര്‍ പ്ലാന്‍ ചെയ്തിരിക്കുന്നു. വിദേശികള്‍ക്കും അവസരമുള്ളതിനാല്‍ പരിമിതമായ സീറ്റിലേക്ക് ആവശ്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ കയറി ഉടന്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്.
https://isro.tour.moon.in
വാട്‌സാപ്പിലെ മെസ്സേജ് ആദ്യം ഫെയ്്ക്കാണെന്നാണ് കരുതിയത്. വെറുതെയിരിക്കല്‍ പ്രധാന പണിയായതിനാല്‍ ലിങ്കില്‍ കയറല്‍ രാത്രിയാക്കാമെന്നു കരുതി. സ്റ്റാര്‍ഡ് മെസ്സേജാക്കി ഇന്‍സ്റ്റയില്‍ കയറി. ഇയര്‍ഫോണും തുളച്ചൊരു അലര്‍ച്ച 'ഡ്യൂഡേ... ഇന്നെവ്‌ടെക്കാ പോവ്വാ...”
'ശരത്തേ നീയാണോ... കേറിവാ..'
'ഇന്ന് ഞായറല്ലേ.. ഒരു ട്രിപ്പ് പോയാലോ..'
'നിനക്കല്ലേ ഇന്ന് ഞായര്‍.. എനിക്കെന്നും ഞായറാ...'
അടുക്കളയില്‍ അമ്മ മിക്‌സി ഓണാക്കി. പ്രളയത്തിലെ മികച്ച സന്നദ്ധ സേവകന് ചെവിക്കതരു അസ്വസ്ഥതയുണ്ടാക്കി.
'അമ്മേ... ഒന്ന് നിര്‍ത്ത്വോ, ഇല്ലേ വന്ന് ഈ വാതിലടക്ക്... എന്തൊരു ഒച്ചപ്പാടാ..'
ഒന്നും മിണ്ടാതെയാ ഗൃഹോപകരണനാഥ വാതിലടച്ച് കറിയിലേക്ക് തേങ്ങയരക്കാന്‍ തുടങ്ങി. അവിടം രണ്ട് ലോകം പിറക്കുകയാണ് ചെയ്തത്. ഒരു പെണ്ണ് ആരോടും മിണ്ടാതെ, വെറും പാത്രങ്ങളുടെ തട്ടലും മുട്ടലും മാത്രമായുള്ള അടുക്കളയിലൊരു ഒച്ചപ്പാടിന്റെ ലോകവും വ്യത്യസ്ത മതരാജ്യ സ്വഭാവക്കാരെ കോര്‍ത്തിണക്കിയൊരു ആഗോളതലത്തിലുള്ള ഗ്രൂപ്പ് ചാറ്റിംഗ് നടക്കുന്ന റൂമിനകത്തൊരു നിശബ്ദ ലോകവും.
'ഊണായിട്ടോ...' ഇതും കൂട്ടി നാലാമത്തെ വട്ടാ ഈ ഒച്ച വാതിലില്‍.
പ്ലേറ്റ് കാലിയാക്കി അമ്മയുടെ മാക്‌സിക്കു പിന്നില്‍ മുഖം തുടച്ച് കുറച്ച് നേരം അവന്‍ ചുറ്റിപ്പറ്റി അവിടെ നിന്നു.
'ന്താടാ കുട്ടാ ന്താ ഒരു ചുറ്റിക്കളി..'
'അമ്മേ എനിക്കൊരു നൂറ് രൂപ വേണം'
'നാണമില്ലെടാ അന്‍ക്ക്.. പണിക്കും പോവാതെ ഒരു പണീല്ലാത്ത ന്നോട് ചോദിക്കാന്‍..'
'അമ്മക്കമ്മേടെ ഹസ്സ് തരൂലെ.. പിന്നെ ഞാന്‍ പി.എസ്.സി കോച്ചിംഗിന് പോവുന്നില്ലേ.. പണി കിട്ടീട്ട് തരാം'
'ഈ ജന്മത്തിലെങ്ങാനുമുണ്ടാവ്വോ.. എന്തിനാ ഇന്ന് നൂറ്.'
'ഞങ്ങടെ കേരളാ റൈഡേഴ്‌സ് ഗ്രൂപ്പില് ഞാന്‍ മാത്രേ ഈ മാസം ട്രിപ്പ് പോവാത്തതുള്ളൂ.. ഫോളോവേഴ്‌സ് എല്ലാവരും ചോയ്ക്ക്ണ്ട് എന്തു പറ്റീന്ന്...'
'അവര്‍ക്കറിയില്ലല്ലോ അഡ്മിന് പോണത് അമ്മയെ ഊറ്റിയിട്ടാണെന്ന്..'

ഉലുവ മണക്കുന്ന നൂറുരൂപ ജാക്കറ്റിലിറക്കി വെച്ച് അവന്‍ ശരത്തിന്റെ പിറകില്‍ കയറി. കുടുകുടു ശബ്ദം അകലങ്ങളിലേക്കോടി.

നേരം വല്ലാതെ ഇരുട്ടി. കോളിംങ് ബെല്‍ അടിച്ചത് ഡൈനിംഗ് ടേബിളില്‍ .................... ഇടതു കയ്യിലെ പെരുവിരലിന് വിശ്രമം കൊടുക്കാതെ ചോറ് കാലിയാക്കി. ഇടക്കെന്തോ കാര്യമായിട്ട് ചിന്തിക്കുന്നുണ്ട്.
'അമ്മേ ഞാന്‍ ചന്ദ്രനില്‍ പോവാ..'
ക്‌ളി ക്‌ളി 'ഠോ...' ഒരു ഗ്ലാസ് വീണ് പൊട്ടി. ഓരോ കുപ്പിച്ചില്ലും ഓരോ മൂലതേടി ഓടി. ചിലത് അമ്മയുടെ കാലില്‍ ചുംബിച്ച് നിലയുറപ്പിച്ചു.
'എന്റേലിനി ആകെ 150 രൂപയേ ഉള്ളൂ... അത് മതിയോ...'
'അമ്മേ തമാശ വിട്, ഇത് കാര്യത്തിലാ... ഐ.എസ്.ആര്‍.ഒ യുടെ കീഴില്‍, സെലക്ഷന്‍ കിട്ട്വോ ആവോ.. രജിസ്റ്റര്‍ ചെയ്തീണ്..'
'ഒന്ന് പോടാപ്പാ.. വേഗം ചോറ് തിന്ന് ഉറങ്ങാന്‍ നോക്ക്.'
അവനത് കാര്യമാക്കിയില്ല. പിയെ റൂമില്‍ കയറി വാതിലടച്ചു. അതിനകത്തെ മിന്നാമിന്നിയുടെ വെട്ടം പുലരുവോളം കത്തിക്കൊണ്ടിരുന്നു. ഒടുവില്‍ ബാറ്ററി ലോ അടിച്ചപ്പോഴാ ചെറിയൊരു മയം വന്നത്. അപ്പോഴേക്കും കോഴി കൂവാറായിരുന്നു.
****
മൊബൈലിലെ മെസ്സേജ് വായിച്ചത് പാതി കണ്ണുകൊണ്ടാണെങ്കിലും പെട്ടെന്ന് ചക്രവാളം കണ്ടു.
'അമ്മേ.. എന്നെ സെലെക്ട് ചെയ്തു, അമ്മേ....'
'എന്താ നട്ടുച്ച നേരത്ത് കിടന്ന് കാറുന്നത്'
'അമ്മേ.. ഞാനിന്നലെ പറഞ്ഞില്ലേ ചന്ദ്രനിലേക്കുള്ള യാത്ര.. എന്നെ സെലെക്ട് ചെയ്തു.'
'എനിക്കൊന്നും മനസ്സിലാവ്ണില്ലെടാ..'
'അതൊക്കെ പിന്നെ പറഞ്ഞു തരണ്ട്, എനിക്കത്യാവശ്യമായിട്ട് ഒരു 30 ലക്ഷം രൂപ വേണം.”
'ആഹാ.. അങ്ങനെ പറ.. ദേ ഈ പെരിം പറമ്പും വിറ്റോ.. ന്നാ കിട്ടും ഒരു 10 ലക്ഷം ബാക്കി എന്നെ അങ്ങ് പണയം വെച്ചോ..”
'അമ്മേ ഒരു നല്ല കാര്യം പറയുമ്പോ ഒടക്ക് പറയല്ലേ.. ഇത് മടന്നാ പിന്നെ ഞാനാരാന്നാ.. ഒരുപാട് പൈസേം കിട്ടും'
“ഓഹോ...'
'ഞാനിപ്പം വരാം.. എല്ലാരോടും പോയി പറയട്ടെ..'
അവനപ്പോഴേക്കും ഈ ലോകം കീഴടക്കിയ പൊലിവുണ്ട്. എന്തിനെന്നറിയാതെ അവന്‍ ഉറക്കെ ഒച്ചയുണ്ടാക്കിക്കൊണ്ടേയിരുന്നു. ബൈക്കെടുത്ത് ക്ലബ്ബില്‍ എത്താന്‍ കണ്ണിമവെട്ടുന്ന നേരമേ എടുത്തുള്ളൂ. കവലയില്‍ എല്ലാവരും തന്നെ മാത്രം നോക്കുന്നത് പോലെ. എല്ലാവരേക്കാളും മീതെ താനായത് പോലെ. ഒറ്റ ശ്വാസത്തില്‍ കാര്യം മുഴുവന്‍ കൂട്ടുകാരെ അറിയിച്ചു. അവര്‍ക്കെല്ലാവര്‍ക്കും അത്ഭുതം. എല്ലാവരും പരസ്പരം നോക്കുന്നു. ചിലര്‍ വാക്കുകള്‍ കൊണ്ട് അനുമോദിക്കുന്നു.
ഇന്‍സ്റ്റയിലേയും ഫെയ്‌സ്ബുക്കിലേയും പോസ്റ്റിനും വാട്‌സാപ്പിലെ സ്റ്റാറ്റസിനും കമന്റ് കിട്ടല്‍ അവന് കുറവാ. പക്ഷെ, ഈ കാര്യം ഷെയര്‍ ചെയ്തപ്പോള്‍ കമന്റും ലൈക്കും ഒരുപാടായി. പലരുടേയും പോസ്റ്റ് പിന്നെ അവനെക്കുറിച്ചായി. ഫോളോവേഴ്‌സും ഫ്രണ്ട്‌സും ഒരുപാട് കൂടി. പലരും വിളിച്ചും മെസ്സേജിലൂടെയും അഭിനന്ദനങ്ങളറിയിച്ചു. നാലാള് കൂടിയിടത്തൊക്കെ ചര്‍ച്ച അവനായി. സ്‌കൂള്‍ പിള്ളേരൊക്കെ തന്നെ അനുകരിക്കാന്‍ വരെ തുടങ്ങി. ഹെയര്‍ സ്റ്റൈലും ഡ്രസ്സിംഗ് ടൈപ്പും വരെ പലരും കോപ്പിയടിച്ചു.
പിന്നീടുള്ള ഒരു മാസം അവന് പൊളിയായിരുന്നു. ദിനേന ഫോളോവേഴ്‌സും ലൈക്കും കമന്റും കൂടുന്നതിലായിരുന്നു അവന് കൂടുതല്‍ ഹരം. ഏതൊരു നവയുഗ സമൂഹമാധ്യമത്തിലെ അംഗവും ആഗ്രഹിക്കുന്ന അത്ഭുത സൗഭാഗ്യം. പറഞ്ഞറിയിക്കാവുന്നതിലുമപ്പുറം.
അതിനിടെ മൂന്ന് കടയുടെ ഉദ്ഘാടനത്തിനും രണ്ട് കോളേജ് യൂണിയന്റെ പരിപാടിക്കും ക്ഷണം കിട്ടി. ലൈഫില്‍ സ്വപ്‌നം പോലും കാണാത്ത മഹാഭാഗ്യങ്ങള്‍. പകല്‍ വെളിച്ചത്തില്‍ അവനങ്ങനെ ആര്‍മാദിച്ച് കഴിഞ്ഞു.
'അമ്മേ.. ഇനിയാകെ നാല് ദിവസേ ഉള്ളൂ.. പൈസക്കെന്ത് കാട്ടാനാ.. ഒരു പന്ത്രണ്ട് ലക്ഷം എനിക്ക് സ്‌പോണ്‍സര്‍ഷിപ്പ് കീട്ടീക്ക്ണ്.. ഒരു ലക്ഷം പരിപാടിക്ക് പോയിട്ടും കിട്ടി.. ഇനിയും വേണം പതിനേഴ് ലക്ഷം.'
'അമ്മയെന്ത് കാട്ടാനാ.. എന്റെ കയ്യില്‍ ഒന്നുല്ലല്ലോ... ഇപ്പോ നിന്റെ അമ്മയായതു കൊണ്ട് പഴയതുടുത്ത് പുറത്തിറങ്ങാന്‍ പറ്റാണ്ടായി. അതോണ്ട് ആകെയുള്ള കാഷെടുത്ത് ഞാന്‍ മൂന്നാലു കൂട്ടം ഡ്രസ്സ് വാങ്ങി.. ഇനിയൊന്നും ബാക്കിയില്ല..'
'ഞാനൊരു കാര്യം പറയാം.. നമുക്കീ വീടങ്ങ് പണയം വെച്ചാലോ'
'ടാ.. ന്താടാ പറയ്ണത്..'
'ഇതെല്ലാതെ വേറെ മാര്‍ഗ്ഗമില്ലമ്മേ.. ടൂര്‍ പോയി വന്നാ കൊറേ പണം കിട്ടും.. നമുക്കതങ്ങ് തിരിച്ചടക്കാവുന്നതേയുള്ളൂ... കുറച്ച് രൂപ ബ്ലേഡ് മണിയന്റേന്നും വാങ്ങാം..”
അമ്മയുടെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ. മകന്‍ നാണം കെടാതിരിക്കാന്‍ മനസ്സില്ലാ മനസ്സോടെ ആധാരമെടുത്ത് നീട്ടിക്കൊടുത്തു. ബ്ലേഡ് പൈസയും കൂട്ടി 19 ലക്ഷം. പോക്കറ്റ് മണിയുമായി. 
ലൈഫ് റിച്ചായപ്പോള്‍ ചിലവ് വല്ലാതെ കൂടി. ഡ്രസ്സും ഷൂവും ബാഗും ജാക്കറ്റും എല്ലാം പുതിയത് വാങ്ങി. അവരുടെ വക തിയറി ആന്റ് പ്രാക്ടിക്കല്‍ ക്ലാസ്സും കിട്ടി. ഫിസിക്കല്‍ ആന്റ് മെന്റല്‍ ക്ലാസ്സ് രണ്ടും കഴിഞ്ഞു. ബോഡി ഫിറ്റ്.
അതിതീവ്രത തിടുക്കം കൂട്ടിക്കൊണ്ടേയിരുന്നു. നിമിഷങ്ങള്‍ക്ക് മണിക്കൂറിന്റെ ദൈര്‍ഘ്യം. നാടൊട്ടുക്കും ചര്‍ച്ച അവന്‍ മാത്രമായി.
ഫെബ്രുവരി 14
ഇന്നാണ് തുമ്പയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ബാഗും കോട്ടും സ്യൂട്ടും പണയം വെച്ച് കിട്ടിയ സമ്പത്തും കെട്ടിപ്പിടിച്ച് വണ്ടി കയറി. പോകുന്ന വഴിയിലുടനീളം കൈ വീശിക്കാണിക്കുന്നവര്‍. പോവാണ്ട എന്നര്‍ത്ഥവും ഇനി വരരുത് എന്നര്‍ത്ഥവും ഒരേ സമയം പലരുടെ കൈവീശലിലും കാണുന്നു. മറുപടി വീശാന്‍ മറന്നില്ല.
പിന്നിലേക്കോടുന്ന മരങ്ങള്‍ക്ക് ഭംഗി കൂടിയ പോലെ. ഇതു വഴി ഒരുപാട് തവണ വന്നതാണ്. എന്നിട്ടും അന്നൊന്നും കാണാത്ത കാഴ്ചകള്‍ കണ്ണു നിറക്കും പോലെ. ഇനിയൊരുപാട് കാലം കഴിയണം ഇവയൊക്കെ കാണാന്‍ എന്നാലോചിച്ചിട്ടാകണം കണ്ണടക്കാന്‍ തോന്നാത്തത്.
പെട്ടെന്നാണ് ഫോണില്‍ മെസ്സേജ് വന്നത്. 'എല്ലാവരുമെത്തി, ഇനി നാലു മണിക്കൂര്‍ കൂടി. 6.45 നു മുമ്പ് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ടിക്കറ്റ് ക്യാന്‍സലാകുന്നതാണ്'.
തെല്ലൊന്ന് ഞെട്ടിയെങ്കിലും കൊല്ലം ബോര്‍ഡര്‍ കണ്ടപ്പോ ഒരു സമാധാനം. ചവിട്ടിപ്പിടിച്ചാ ആറരയാകുമ്പോഴേക്കും അവിടെയെത്താം.
'ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാല്‍ അക്കളി ഇക്കളി തീക്കളിയാ'
ഒരേ സ്വരത്തിലുള്ള മുദ്രാവാക്യം കേട്ടപ്പോ ഉള്ളിലെന്തോ പോലെ. ഡ്രൈവര്‍ സ്പീഡ് കുറച്ചപ്പോള്‍ അത് കേള്‍ക്കാനാണെന്നാ തോന്നിയത്.
'സര്‍, ഇന്നിവിടെ ഹര്‍ത്താലാണ്'
ശബ്ദതരംഗങ്ങള്‍ കര്‍ണ്ണപടത്തിലെത്തിയതിനേക്കാള്‍ ശക്തിയില്‍ ഒരു കൊള്ളിയാന്‍ വെട്ടം ശരീരമൊന്നാകെ കത്തി.
'അപ്പോ ഇനി പോവാന്‍ കഴിയില്ലേ...'
'ഇല്ല സര്‍.. മുന്നറിയിപ്പു കൂടാതെ ഡാം തുറന്നതിനാ ഹര്‍ത്താല്‍.. എല്ലാവരും നല്ല കലിപ്പിലാ.'
'ഇനിയെന്താ ചെയ്യാ..'
'നോക്ക് സാറേ.. മുഖ്യ മന്ത്രി രാജിവെക്കണമെന്നാ പ്ലക്കാര്‍ഡില്‍.. കയ്യില്‍ വടിയും മറ്റും അതും ഉണ്ട്.. സീന്‍ കോണ്ട്രയാ...'
എയ്ത പ്രതീക്ഷകളൊക്കെ വിഷപ്പാമ്പായി തിരിച്ച് ചീറ്റുന്ന പോലെ. ഒരുപാട് സംസാരിച്ചിട്ടും ഒരു പ്രതീക്ഷയും കാണുന്നില്ല.
ജനങ്ങളെ ബുദ്ധിമുട്ടാക്കിയാലേ ഹര്‍ത്താലിന് വിജയം കാണൂ എന്ന് ഏതോ ഒരു താത്വിക ലേഖകന്‍ കൊത്തിവെച്ച ലിപികള്‍ മന:പാഠമാക്കിയ പ്രവര്‍ത്തകര്‍ എന്റെ വലിയ അപേക്ഷ ചിരിച്ചുകൊണ്ട് നിഷേധിച്ചു.
മനസ്സിലാകപ്പാടെ ഒരു ഇരുള്‍ മൂടല്‍. എങ്ങനെ ഇനി തുമ്പയിലെത്തും. പെട്ടെന്നൊരു ഫോണ്‍ മെസ്സേജ് 'സമയം വൈകി, നിങ്ങളുടെ ടിക്കറ്റ് ക്യാന്‍സലാക്കി.'
കുളിര് തന്നോണ്ടിരുന്ന എ.സി പോലും മുമ്പില്‍ വന്ന് കൊഞ്ഞനം കുത്തുന്ന പോലെ. കണ്ണിലിരുട്ട് വന്ന് ഒന്നും കാണാതായി. ഒന്നും പറയാനും കഴിയുന്നില്ല. ഇനിയെങ്ങനെ നാട്ടുകാരെ ഫെയ്‌സ് ചെയ്യും.
'ചേട്ടാ.. ചേട്ടന്‍ തിരിച്ച് വീട്ടില്‍ പോയി ഈ പണവും മറ്റും അമ്മയെ ഏല്‍പ്പിക്കണം.. എനിക്ക് യാത്ര പോവല്‍ അത്യാവശ്യമാണ്.. ഞാന്‍ പോയീന്ന് പറയണം..'
'സാറെവിടേക്കാ...'
'പോവാന്‍ കരുതിയത് മേലോട്ടേക്കല്ലേ... അവിടേക്കു തന്നെ.. ഇവിടെയെവിടെയെങ്കിലും കട തുറന്നിട്ടുണ്ടാവുമോ ആവോ..'
കാറിന്റെ വാതില്‍ പതിയെ തുറന്നവന്‍ പുറത്തിറങ്ങി.
'നി്ങ്ങള്‍ പൊയ്‌ക്കോ..'
ഡോറടച്ചത് കുറച്ച് ഉറക്കെയായിരുന്നു. തിരിഞ്ഞ് നോക്കാതെ അവന്‍ മുന്നോട്ട് നടന്നു. കാറ് റിവേഴ്‌സെടുക്കുമ്പോള്‍ ഉറക്കെ കേള്‍ക്കുന്നുണ്ടായിരുന്നു 'ജനങ്ങളെ ബുദ്ധിമാട്ടാക്കിയ മുഖ്യമന്ത്രി രാജിവെക്കുക, ഹര്‍ത്താല്‍ വിജയിപ്പിക്കുക'.

No comments:

Post a Comment