അമീന്‍ മമ്പാട്
വെറുതെ ഇരുന്നപ്പോ നെറ്റൊന്നോണാക്കി. പതിവുപോലെ ആദ്യ മെസ്സേജ് 'Dream Rider' വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് തന്നെ. പച്ചക്കളറിന്റെ ഡൗണ്‍ലോഡ് കറക്കം പിക്ചര്‍ കണ്‍മുന്നിലെത്തി. അതിലിങ്ങനെ എഴുതിയിരിക്കുന്നു 'തമിഴ്‌നാട്ടിലെ മനോഹരമായ ഹില്‍സ്‌റ്റേഷന്‍ ആതിരപ്പിള്ളി വാള്‍പാറ യാത്ര മനോഹരം മലപ്പുറത്ത് നിന്നും 191 കി.മീ അകലെ.' അപ്പോ മുതല്‍ തീരുമാനിച്ചുറപ്പിച്ചു. അടുത്തതിനി അങ്ങോട്ട് തന്നെയാവട്ടെ...!
ഈ യാത്രയും രാത്രിയായിരുന്നു. വലിയ പ്ലാനിംഗ് ഒന്നും തന്നെയില്ലാതെ ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. പതിവുപോലെ ട്രെയിന്‍ നഷ്ടപ്പെടുത്തുവാന്‍ ഞാന്‍ മറന്നില്ല. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്ന എന്റെ കാലുകളെ ഞാന്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഒരു മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിന് ശേഷം ബസ്സ് എന്നെ തേടി സ്റ്റാന്റിലെത്തി. ചാലക്കുടിയില്‍ നിന്നും ആതിരപ്പിള്ളിയിലേക്ക് ബസ് മാറിക്കയറണമായിരുന്നു. എന്നാല്‍ രാവിലെ ആറരക്കുള്ള ആതിരപ്പിള്ളിബസ്സിന് വേണ്ടി ഞാന്‍ രാത്രി ഒരു മണി കഴിഞ്ഞപ്പയേക്ക് തന്നെ ചാലക്കുടി സ്റ്റാന്റിലെത്തി. നീണ്ട അഞ്ച് മണിക്കൂര്‍ എന്ത് ചെയ്യണമെന്നറിയാതെ സ്റ്റാന്റിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഉറക്കം എന്റെ കണ്ണുകളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഒരു മെത്ത തേടി ഞാന്‍ റെയില്‍വെ സ്‌റ്റേഷന്‍ അന്വേഷിച്ചു. യാത്രക്കാരും പാവപ്പെട്ടവരും രാത്രി കഴിച്ചുകൂട്ടുന്ന റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമുകള്‍ എനിക്ക് മെത്തയാവുകയായിരുന്നു. ഓരോ ട്രെയിനുകളും വളരെ നിശബ്ദമായി കടന്ന് പോകുന്നതുപോലെ തോന്നി.
പെട്ടെന്നാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. ചായ... കാപ്പി.... എന്ന് വിളിച്ച് ഒരാള്‍ എന്റെ മുമ്പിലൂടെ കടന്ന് പോയി. ആവി പൊന്തുന്ന അയാളുടെ ചായപാത്രം എന്നെ ആകര്‍ഷിച്ചു. ബെഡ്‌കോഫിക്ക് ശേഷം ഞാന്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലേക്ക് തിരിച്ച് നടന്നു. എന്നെയും കാത്ത് ആതിരപ്പിള്ളി ബസ് അവിടെ നില്‍ക്കുന്നാണ്ടിരുന്നു. ആതിരപ്പിള്ളി വെള്ളച്ചാട്ടം ഏതാണ്ട് 24 മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന ഈ ജലപാനം ചാലക്കുടിപ്പുഴയിലാണ് സ്ഥിതി ചെയ്യുന്നത്. വനത്താല്‍ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് ഇവിടം. ജില്ലാ വിനോദ സഞ്ചാര വികസന കോര്‍പ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദ സഞ്ചാരികള്‍ കൂടുതലായി സന്ദര്‍ശിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ ബാഹുല്യം ഇവിടത്തെ പരിസ്ഥിതി വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. തൊട്ടടുത്തായി ചാര്‍പ്പ വെള്ളച്ചാട്ടം, പാഴച്ചാല്‍ വെള്ളച്ചാട്ടം എന്നിവ സഹവാസമുറപ്പിച്ചിട്ടുണ്ട്.
സവിശേഷതകള്‍ പറയുകയാണെങ്കില്‍ ഈ പേജുകള്‍ എനിക്ക് തികയാതെ വന്നേക്കാം, എങ്കിലും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഞാന്‍ എഴുതിയില്ലെങ്കില്‍ അത് ആതിരപ്പിള്ളിയോട് ചെയ്യുന്ന ഒരു അനീതിയായി മാറിയേക്കാം. ആതിരപ്പിള്ളി ജലപാനത്തിന് ഇരു പാര്‍ശ്വങ്ങളിലുമായി സ്ഥിതി ചെയ്യുന്ന നിബിഢ വനങ്ങള്‍ അപൂര്‍വ്വ ജൈവ സമ്പത്തിന്റെ കലവറയാണ്. ഇരുള്‍, ഇലവ്, വെണ്‍തേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യ പ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങള്‍ ഇവിടെ വളരുന്നു.
വേഴാമ്പല്‍, വാനമ്പാടി, കൃഷ്ണ പരുന്ത്, മാടത്തക്കിളി, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടേയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കുട്ടിത്തേവാങ്ക് തുടങ്ങിയ ജന്തുക്കളുടേയും വിവിധയിനം ചിത്ര ശലഭങ്ങളുടേയും ആവാസ കേന്ദ്രം കൂടിയാണ് ഈ വന പ്രദേശം. കാടര്‍, മലയര്‍, തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍ ഇവിടുത്തെ വനങ്ങളില്‍ വസിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വളരെയധികം പ്രതീക്ഷകളോടെയാണ് ഞാന്‍ ആ വനം കയറാന്‍ തീരുമാനിച്ചത്. തണല്‍ വിരിച്ച ഹൈവേയിലൂടെ ബസ് അതിന്റെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. തണുപ്പു നിറഞ്ഞ ഇളംകാറ്റുകള്‍ എന്റെ മനസ്സിനെ തട്ടിയുണര്‍ത്തി. എനിക്കിറങ്ങേണ്ട സ്ഥലം വിട്ടു കടക്കുമോ എന്ന ഭീതി എന്റെ കണ്ണുകളിലെ സന്തോഷത്തെ മറച്ചുവെച്ചു. ഓരോ സ്‌റ്റോപ്പ് വിട്ടു കടക്കുമ്പോഴും എനിക്കിറങ്ങേണ്ട സ്ഥലമാണോ എന്ന ആകാക്ഷയോടെ കണ്ണുകള്‍ അതിന്റെ കൃഷ്ണമണിയെ ബസ്സിന്റെ ജനലിലൂടെ പുറത്തേക്ക് തള്ളിക്കൊണ്ടേയിരുന്നു. എന്നാല്‍ എന്റെ കണ്ണുകള്‍ക്ക് തെറ്റിപ്പോയി എന്ന് ഞാന്‍ മനസ്സിലാക്കുന്നത് ബസ്സില്‍ നിന്ന് ഇറങ്ങിയതിന് ശേഷമാണ്. തലയില്‍ വിറകു കെട്ടുമായി പോകുന്നവര്‍ ഒരു അപരിചിതനെപ്പോലെ എന്നെ നോക്കി. എങ്ങോട്ട് പോവണമെന്നറിയാതെ ഞാന്‍ മുന്നോട്ട് നടക്കാന്‍ തുടങ്ങി. എന്റെ ഒട്ടിയ വയറില്‍ നിന്നും ശബ്ദം പുറത്ത് വരാന്‍ തുടങ്ങിയിരിക്കുന്നു. എന്റെ ശ്രദ്ധ പിടിച്ചു പറ്റിയ റോഡരികിലെ ഒരു തട്ടുകട 'സമകാലിക സര്‍വ്വവിജ്ഞാനകോശം' എന്ന് അപരനാമം അതിനൊട്ടും അതിശയോക്തിയാവില്ല, എന്നെ മാടി വിളിക്കുന്നത് പോലെ തോന്നി. നല്ല ചൂട് ഇടിയപ്പവും കടലക്കറിയും കഴിച്ചിറങ്ങുമ്പോഴാണ് ഒരാളുടെ ചോദ്യം 'അല്ല എവിടുന്നാ? ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ! എങ്ങോട്ടാ പോകേണ്ടത്?'. അവരുടെ വാക്കുകള്‍ എന്നെ ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിനടുത്തെത്തിച്ചു. വളരെ പ്രതീക്ഷയോടെ ടിക്കറ്റെടുത്ത് എന്‍ട്രി ഗേറ്റ് കടന്ന് ഞാന്‍ നടക്കാന്‍ തുടങ്ങി. ചുറ്റും ഇടതൂര്‍ന്ന വനങ്ങള്‍, പ്രായമായ മാതാപിതാക്കള്‍ തന്റെ മക്കളുടെ വീടുകളില്‍ മാറിതാമസിക്കുന്നത്‌പോലെ ഓരോ കൊമ്പിലും മാറി മാറി താമസമുറപ്പിക്കുന്ന കുരങ്ങുകള്‍. വെള്ളച്ചാട്ടത്തിനടുത്തെത്തിയ ഞാന്‍ ആ തിരക്കിനിടയില്‍ ആരോ തട്ടിയപ്പോയാണ് ഞാന്‍ സ്വപ്‌നത്തിലല്ല എന്ന് മനസ്സിലാക്കുന്നത്. വെള്ളത്തിന്റെ കള കളാരവങ്ങളും പക്ഷികളുടെ കളകൂചനങ്ങളും എന്റെ ചെവികള്‍ക്ക് മാറ്റുകൂട്ടി.
എക്‌സിറ്റ് ഗേറ്റിലൂടെ പുറത്തിറങ്ങിയ ഞാന്‍ അടുത്ത എന്റെ ലക്ഷ്യസ്ഥാനമായ മലക്കപ്പാറയിലേക്കുള്ള ബസ്സിനായി കാത്തിരിക്കുകയായിരുന്നു. കുറേ സമയത്തിനു ശേഷം എന്നെ തേടി മലക്കപ്പാറ എന്ന ബോര്‍ഡും വെച്ച് ആനവണ്ടി എന്റെ മുമ്പിലെത്തി. അല്ലെങ്കിലും കാടും കുന്നും കയറാന്‍ നമ്മളെ സര്‍ക്കാറിന്റെ ബസിനെ തന്നെയല്ലേ കിട്ടുകയുള്ളൂ. എന്നാല്‍ പാട്ടുള്ള ആനവണ്ടിയില്‍ ഞാന്‍ ആദ്യമായിട്ടായിരുന്നു കയറുന്നത്. പഴയ യേശുദാസിന്റെ പാട്ടും കേട്ട് വനം കയറുന്നത് അത് ഒന്ന് വേറെ തന്നെയാ... നാല് മണിക്കൂര്‍ നീണ്ടു നി ല്‍ക്കുന്ന കാടിനുള്ളിലേക്ക് പോകുന്തോണ്‍റും വന്യജീവികളെ കാണുന്ന സന്തോഷത്തേക്കാള്‍ അതിന്റെ ഉപദ്രവത്തെ കുറിച്ചുള്ള ഭീതിയായിരുന്നു മനസ്സില്‍. എന്നാല്‍ പ്രതീക്ഷയേറിയ എന്റെ കണ്ണുകളെ നിരാശയിലാഴ്ത്തിക്കൊണ്ട് ഞാന്‍ കേരള-തമിഴ്‌നാട് ബോര്‍ഡറായ മലക്കപ്പാറയിലെത്തി. കോട നിറഞ്ഞ തേയിലത്തോട്ടങ്ങള്‍ അതിര്‍ ത്തിയൊന്നുമില്ലാതെ പടര്‍ന്ന് പന്തലിച്ചിരിക്കുന്നു.
ബസിറങ്ങി ഒന്നു അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പയേക്ക് വാള്‍പ്പാറയിലുള്ള ബസ് എത്തിക്കഴിഞ്ഞിരുന്നു. ഒരു ഭാഗത്ത് തേയിലത്തോട്ടവും മറു ഭാഗത്ത് ഇടതൂര്‍ന്ന വനവും ആസ്വദിച്ച് യാത്ര തുടരുകായിരുന്നു. പെട്ടെന്നാണ് ബസ് ബ്രേക്കിട്ടത്. എന്താണെന്നറിയാന്‍ വേണ്ടി ഭീതി നിറഞ്ഞ എന്റെ കണ്ണുകള്‍ ബസിന്റെ മുന്‍ ചില്ല് തുളച്ച് പോയിരുന്നു. രണ്ട് കാട്ട് പോത്തുകള്‍. എന്റെ പ്രതീക്ഷ പുലരുന്നത് പോലെ എനിക്ക് തോന്നി.
വാള്‍പാറയിലെ കാഴ്ചകള്‍ തികച്ചും എനിക്ക് അപരിചിതമായിരുന്നു. റോഡരികില്‍ വലിയ ഒരു മരം. പൊള്ളാച്ചിയില്‍ നിന്നും വാള്‍പാറയിലേക്ക് വരുന്ന ബസുകള്‍ മരത്തെ ചുറ്റി പൊള്ളാച്ചിയിലേക്ക് തന്നെ തിരിച്ച് പോകുന്നു. ഒരു ഇടവഴി പോലോത്ത ഹൈവേ, അത്ര വലിയതല്ലാത്ത കച്ചവട കേന്ദ്രങ്ങള്‍. യാത്രക്കാരെ കൊണ്ട് നിറഞ്ഞ ബസ് കാത്തിരിപ്പ് കേന്ദ്രം, ഹൈവേയില്‍ നിന്നുള്ള ഓരോ ഇടവഴികളേയും കച്ചവട കേന്ദ്രങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു.
മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഹെയര്‍പിന്‍ നിറഞ്ഞ പൊള്ളാച്ചിയാത്രയാ യിരുന്നു പിന്നീട്. രണ്ടര മണിക്കൂര്‍ കാത്തിരിക്കേണ്ടി വരുന്ന പാലക്കാട് ബസിന് പകരം ഞാന്‍ ലോറി പിടിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ലോറികളൊന്നും കണ്ട ഭാവം തന്നെ നടിച്ചില്ല. എന്നാല്‍ നിരാശയെ തട്ടിമാറ്റിക്കൊണ്ട് ഒരു ലോറി എന്റെ മുമ്പില്‍ വന്ന് നിറുത്തി. തമിഴനായ ആ ഡ്രൈവര്‍ എന്നില്‍ നിന്നും വല്ലതും അറിയാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അയാള്‍ പറയുന്നത് പലതും എനിക്ക് മനസ്സിലാകുന്നില്ലായിരുന്നു.
പാലക്കാട് ആനവണ്ടിക്കൂട്ടത്തിലെത്തിയ ഞാന്‍ പെരിന്തല്‍മണ്ണയിലേക്കുള്ള ബസിലിരുന്ന് ഒരു ഉറക്കമായിരുന്നു. കണ്ടക്ടറിന്റെ ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. എനിക്കിറങ്ങേണ്ട സ്ഥലമായോ എന്ന ഭീതിയോടെ കണ്ണുകള്‍ പകച്ചു നോക്കാന്‍ തുടങ്ങി. ടിക്കറ്റ് മുറിച്ച് തന്ന് പൈസ ചോദിച്ചപ്പോഴാണ് വണ്ടി അല്‍പമേ നീങ്ങിയിട്ടുള്ളൂ എന്ന് മനസ്സിലായത്. പെരിന്തല്‍മണ്ണ സ്റ്റാന്റില്‍ എന്റെ നാട്ടിലേക്കുള്ള ബസ് എന്നെയും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ മറ്റൊരു ചവിട്ടുപടിയും കൂടി ചവിട്ടിക്കടന്ന സന്തോഷത്തോടെ ഞാന്‍ വീട്ടില്‍ തിരിച്ചെത്തി.
No comments:
Post a Comment