മുര്‍ഷിദ് ഒ.പി
രണ്ട് വ്യത്യസ്തമായ കാലഘട്ടങ്ങളില്‍ നിന്നും വിഭിന്നമായ സംസ്‌കാര പാരമ്പര്യത്തില്‍ നിന്നും എഴുതിയവരാണെങ്കിലും വില്യം ബ്ലെക്കും ജലാലുദ്ദീന്‍ റൂമിയും തമ്മില്‍ അന്തരങ്ങളൊന്നുമില്ല. ഇരുവരെയും പിന്‍തലമുറ ഓര്‍മ്മിക്കുകയും വാഴ്ത്തിപ്പാടുകയും ആഘോഷിക്കുകയും ചെയ്തു. അതിനുകാരണം ഇരുവരെയുടെ രചനകളില്‍ സമാനമായ സ്വഭാവ സവിശേഷതകള്‍ ഉണ്ടായത് കൊണ്ടാവാം. വില്യം ബ്ലെയ്ക്ക് പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു മഹാനായ ഇംഗ്ലീഷ് കാല്‍പ്പനിക കവിയായിരുന്നു. വില്യം വേഡ്‌സ് വര്‍ത്തും എം.ടി കോള്‍റിഡ്ജും ചേര്‍ന്ന് ചേര്‍ന്ന് ലിറിക്കല്‍ ബാലഡ്‌സ് ലോകത്തിനു മുമ്പില്‍ അവതരിക്കുന്നതിന് മുമ്പേ വില്യം ബ്ലെയ്ക് 'കാല്‍പനികത' എന്ന വൃക്ഷത്തിനു വളരാന്‍ വേണ്ട ഫലഭൂയിഷ്ഠമായ നിലമൊരുക്കിയിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ കാല്‍പനികത വളര്‍ന്നു തുടങ്ങിയത് ബ്ലെയ്ക്കിന്റെ രചനകളിലൂടെയാണ്. ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ ഒരുപാട് വിവാദങ്ങളുടെ ചുഴിയില്‍പ്പെട്ട് വീര്‍പ്പുമുട്ടിയവനാണ് ബ്ലെയ്ക്ക്. എങ്കിലും എഴുതിയും വരച്ചും ബ്ലെയ്ക്ക് ലോകത്തെ ആഹ്ലാദത്തിന്റെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും മറ്റൊരു തലത്തിലേക്ക് നയിച്ചു. അങ്ങനെ ആ മനുഷ്യന്‍ സമാനതകളില്ലാത്ത സൃഷ്ടികളുടെ സൃഷ്ടാവായി. പക്ഷെ, ജലാലുദ്ദീന്‍ റൂമി ബ്ലെയക്കിനും അഞ്ചു നൂറ്റാണ്ടുകള്‍ക്ക് മുമ്പേ എല്ലാം എഴുതിത്തീര്‍ത്തവനാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ അഫ്ഗാനിസ്ഥാനില്‍ ജനിക്കുയും തുര്‍ക്കിയില്‍ ജീവിച്ച് മരിക്കുകയും ചെയ്ത റൂമി മഹാനായ ഒരു സൂഫി കവിയായിരുന്നു. ആ മനുഷ്യന്റെ തൂലികയില്‍ നിന്നും പിറന്നു വീണത് സമാനതകളില്ലാത്ത ആ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും വാക്കുകളായിരുന്നു. അതുകൊണ്ടായിരിക്കാം റൂമിയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടുപോലും നെഞ്ചോടു ചേര്‍ത്ത് വെക്കുന്നത്. വ്യത്യസ്ഥമായ സംസ്‌കാരത്തിലും കാലഘട്ടത്തിലും എഴുതിയവരാണ് ഇരുവരുമെങ്കിലും രണ്ടുപേരുടെയും എഴുത്തില്‍ ഒരുപാടു സമാനതകള്‍ കണ്ടെടുക്കാന്‍ സാധിക്കും. ഒരാള്‍ കൃസ്തു മത വിശ്വാസിയും മറ്റേയാള്‍ ഇസ്ലാം മത വിശ്വാസിയുമാണെങ്കിലും ഒരുപോലെ ചിന്തിക്കുകയും എഴുതുകയും ചെയ്തവരാണ് ബ്ലെയ്ക്കും റൂമിയും. ഇരുവരുടെ രചനകളിലെ സമാനതകള്‍ അന്വേഷിക്കുന്നതില്‍ സാഹിത്യ ലോകം എന്നും തല്‍പരരായിരുന്നു.
റൂമിയെയും ബ്ലെയ്ക്കിനെയും കുറിച്ചുള്ള താരതമ്യ പഠനം രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധപ്പെടുത്തലിനപ്പുറം രണ്ട് ധ്രുവങ്ങള്‍ തമ്മിലുള്ള പഠനം കൂടിയാണ്. വിഭിന്നമായ സംസ്‌കാരങ്ങള്‍ എങ്ങനെയാണ് ഏകത്വം കൈവരിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് റൂമിയും ബ്ലെയ്ക്കും. റൂമിയുടെ രചനകളില്‍ സൂഫി ആശയങ്ങള്‍ പ്രത്യക്ഷപ്പെടുന്നതില്‍ അത്ഭുപ്പെടുനൊന്നുമില്ല. കാരണം, അദ്ദേഹം സൂഫി പാരമ്പര്യങ്ങളുടെ ആഴങ്ങളിലേക്ക് ബോധപൂര്‍വ്വം ഇറങ്ങി ചെന്നവനാണ്. പക്ഷെ, ബ്ലെയ്ക്കിന്റെ സാഹചര്യം തികച്ചും വ്യത്യസ്തമായിരുന്നു. യൂറോപ്പിന്റെ സാംസ്‌കാരിക തൊട്ടിലിലൂടെ വളര്‍ന്നു വന്നവനാണ് അദ്ദേഹം. അതിനു പുറമെ ബ്ലെയ്ക് കടുത്ത ക്രിസതുമത വിശ്വാസിയായിരുന്നു. എന്നിട്ടും സൂഫി ആശയങ്ങള്‍ ബ്ലെയ്ക്കിന്റെ രചനകളില്‍ വലിയ രീതിയില്‍ പ്രത്യക്ഷപ്പെട്ടു.
സൂഫിസത്തിന്റെ അടിസ്ഥാനം അങ്ങേയറ്റത്തെ ദൈവഭക്തിയാണ്.ദൈവത്തെ മനസ്സിലാക്കാനും അവനിലേക്കുള്ള വഴികള്‍ കണ്ടെത്താനും മനുഷ്യനെ സഹായിക്കുന്നത് അതിയായ ദൈവഭക്തിയാണെന്ന് വിശ്വസിച്ചു. അങ്ങേയറ്റത്തെ ദൈവഭക്തി ബ്ലെയ്കിന്റെയും റൂമിയുടെ കവിതകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. എന്നും ദൈവത്തിന്റെ സൃഷ്ടിപ്പില്‍ അത്ഭുതപ്പെട്ടവരാണ് റൂമിയും ബ്ലെയ്കും. ദൈവം സ്ഥിതി ചെയ്യുന്നത് അവനവനില്‍ തന്നെയാമെന്ന് പറയുന്നതിലും ഇരുവരും ഒട്ടും മടി കാണിച്ചില്ല. 'മിസ്റ്റിസ'മായിരുന്നു ഇരുവരുടെയും എഴുത്തിലെ പ്രധാന പ്രത്യേകത. അനന്തതയെ കുറിച്ച് പറയുന്നതിലും എഴുതുന്നതിലും റൂമിയും ബ്ലെയ്കും മത്സരിച്ചു. അതിന് ഉത്തമ ഉദാഹരണമാണ് ബ്ലെയ്കിന്റെ ' ആന്‍ക്വറീസ് ഓഫ് ഇന്നസെന്‍സ് ' (Anguries of innocence ) എന്ന കവിത. അതിലെ വരികള്‍ ഇങ്ങനെയാണ്
'To see a world in a grain of sandAnd a heaven in wild fliwerHold infinity in palm of your handAnd etenity in hour '
സൃഷ്ടിപ്പിന്റെ അനന്തതയെ കുറിച്ച് ഇത്ര മേല്‍ വര്‍ണിച്ച മറ്റൊരു കവി ഉണ്ടാകില്ല. റൂമിയും അങ്ങനെ തന്നെ ആയിരുന്നു. സൃഷ്ടാവിന്റെ അനന്തമായ സൃഷ്ടാവിനെ കുറിച്ച് അദ്ദേഹവും ഒരുപാട് എഴുതി.
സൂഫിസത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ആശയമാണ് സാര്‍വ്വത്രികമായ സ്‌നേഹം. റൂമിയുടെ ജീവിതത്തിലെ തീവ്രമായ പ്രണയം ഒരിക്കലും ഒരു സംസ്‌കാരത്തെയോ മതത്തെയോ ദേശത്തെയോ പ്രതിനിധീകരിക്കുന്നതല്ല. സാര്‍വ്വത്രികമായി എല്ലാവരും ഇരു കൈയും നീട്ടി സ്വീകരിച്ചതാണ്. ബ്ലെയ്കിന്റെ കവിതകളും അത് പോലെ തന്നെയായിരുന്നു. ഒരിക്കലും മരണമില്ലാത്ത വരികളെ സൃഷ്ടിച്ചവനാണ് ബ്ലെയ്ക്. അതില്‍ സ്‌നേഹമെന്ന ആശയത്തിന് വലിയ സ്ഥാനമുണ്ടായിരുന്നു. സൂഫി രചനകളുടെ ഒരു പ്രധാന സവിശേഷത അവ പൂറപ്പെടുവിക്കുന്ന രണ്ട് തരത്തിലുള്ള അര്‍ത്ഥങ്ങളാണ്. ഒറ്റ വായനയില്‍ വായനക്കാരന് അതിന്റെ പ്രതലമായ അര്‍ത്ഥമേ കിട്ടുകയുള്ളൂ. പക്ഷേ അതിന് ആഴത്തില്‍ വേരൂന്നിയ മറ്റൊരു അര്‍ത്ഥം കൂടിയുണ്ടാവും. ആഴത്തിലുള്ള അര്‍ത്ഥങ്ങളെ കുറിച്ച് സംസാരിച്ചവരാണ്, എഴുതിയവരാണ് സൂഫി കവികള്‍. റൂമിയുടെ രചനകള്‍ വായിക്കുമ്പോള്‍ മനസ്സിലാക്കുന്ന പ്രതലമായ അര്‍ത്ഥം ചിലപ്പോള്‍ ഒരു പ്രണയിതാക്കള്‍ക്ക് അനുയോജ്യമായിരിക്കും. പക്ഷേ ആ വരികള്‍ക്കിടയിലൂടെ ആഴത്തില്‍ സഞ്ചരിച്ചാല്‍ മനസ്സിലാകുന്നത് സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള തീവ്രമായ സ്‌നേഹത്തിന്റ മറ്റൊരു തലമാണ്. ഈ സവിശേഷത ബ്ലെയ്കിന്റെ കവിതകളിലും ഒട്ടനവധിയുണ്ട്.
അദ്ദേഹത്തിന്റെ ദ ടൈഗര്‍ (The tiger) എന്ന കവിത വായിക്കുന്ന ഒരാള്‍ക്ക് ലഭിക്കുന്ന അര്‍ത്ഥം ഒരു മൃഗത്തെ കുറിച്ചും അതിന്റെ സൃഷ്ടിപ്പിനെ കുറിച്ചുമായിരിക്കും. പക്ഷേ അതിനുള്ളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള അങ്ങേയറ്റത്തെ ബന്ധത്തെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.
സൂഫി കവികള്‍ ദൈവം സ്ഥിതി ചെയ്യുന്നത് സ്വന്തം ഹൃദയത്തിലാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ആ ആശയം റൂമിയുടെ കവിതകളിലുടനീളം കണ്ടെടുക്കാം. സ്‌നേഹിക്കുന്നവര്‍ ഒരിക്കലും പരസ്പരം കാണുന്നില്ല. കാരണം അവരൊന്നു തന്നെയാണെന്ന് റൂമി പറയുന്നു. ഞാന്‍ സ്‌നേഹിക്കുന്നവന്‍ എന്റെയുള്ളില്‍ തന്നെയുണ്ട് എന്ന പ്രസ്താവനയും റൂമിയുടെ സൃഷ്ടാവുമായുള്ള സ്‌നേഹത്തിന്റെ ആഴം കാണിക്കുന്നു. ബ്ലെയ്കും റൂമിയെ പോലെ ചിന്തിച്ചവനാണ്. ദൈവത്തിന്റെ സ്ഥാനം ഓരോ മനുഷ്യന്റെയും ഉള്ളില്‍ തെന്നയാണെന്ന് ബ്ലെയ്കും വിശ്വസിച്ചു.
യുക്തി, ബുദ്ധി, വിവേകം എന്നിവ നേടിയെടുക്കാന്‍ സ്‌നേഹത്തിലൂടെയും ഭാവനയിലൂടെയും മാത്രമേ കഴിയുകയുള്ളൂ എന്ന് സൂഫികള്‍ വിശ്വസിച്ചു. അതു തന്നെയാണ് ബ്ലെയ്ക്കും പിന്തുടര്‍ന്നത്. ബ്ലെയ്ക്കിന്റെ ഒരു പ്രധാനപ്പെട്ട സിദ്ധാന്തമാണ് 'പോയറ്റിക് ജീനിയസ്' (ജീലശേര ഴലിശൗ)െ. ഇതു പ്രകാരം ഇമേജിനേഷനിലൂടെ മാത്രമേ ഒരു മനുഷ്യന്റെ പൂര്‍ണ്ണമായ സത്തയിലേക്ക് ഇറങ്ങിച്ചെല്ലാനാവൂ. അതിനര്‍ത്ഥം ഒരു കവിക്ക് എല്ലാം ഭാവനാത്മകമായി ചിന്തിക്കാനുള്ള കഴിവുണ്ടായിരിക്കണമെന്നാണ്. ഇമേജിനേഷന് മാത്രമേ ഒരു മനുഷ്യന്റെ ഹൃദയത്തിന്റെ ഭാഷ മനസ്സിലാക്കാന്‍ സാധിക്കൂ. ഈ സിദ്ധാന്തം സൂഫിസത്തിലെ ആക്ടീവ് ഇമേജിനേഷന്‍ എന്ന സങ്കല്‍പ്പവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആക്ടീവ് ഇമേജിനേഷന്‍ എന്ന സങ്കല്‍പ്പത്തിന്റെ ആശയം ഇമേജിനേഷനാണ് മനുഷ്യന്റെ ഹൃദയത്തിലേക്കുള്ള വഴി എന്ന് തീര്‍ത്തു പറയുന്നു. മനുഷ്യന്‍ ഒരിക്കലും കണ്ണു കൊണ്ട് കാണുന്നില്ല, ഹൃദയം കൊണ്ടാണ് കാണുന്നത് എന്ന വേദവാക്യണ്‍വും ഇവിടെ പ്രസക്തമാണ്. ഇമേജിനേഷന്‍ ഒരു പരിധി വരെ യുക്തിയേയും ബുദ്ധിശക്തിയേയും വിവേകത്തേയും നിയന്ത്രിക്കുന്നു. യുക്തിയുടേയും ബുദ്ധിയുടേയും വിവേകത്തിന്റെയും അമിതമായ പ്രവാഹം ഇമേജിനേഷനെ ഇല്ലാതാക്കുമെന്നും അങ്ങനെ വന്നാല്‍ മനുഷ്യ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയാതെയാവുമെന്നും ഈ രണ്ടു തിയറികളിലും വ്യക്തമാക്കുന്നു. പൂര്‍ണ്ണമായ ഭക്തിയായിരുന്നു റൂമിയുടെ കവിതകളിലെ മുഖമുദ്ര. സ്വന്തം സ്വത്വത്തില്‍ നില്‍ക്കാന്‍ റൂമിയും മറ്റു സൂഫി ആശയക്കാരും ആഗ്രഹിച്ചില്ല. സ്വന്തം സ്വത്വം മരിച്ചെന്നും ദൈവത്തോടൊപ്പമാണ് ജീവിക്കുന്നതെന്നും സൂഫികള്‍ വിശ്വസിച്ചു. ബ്ലെയ്ക്കും ഇതില്‍ നിന്നും വ്യത്യസ്തനായിരുന്നില്ല. സ്വന്തം വ്യക്തിത്വത്തെ മറന്ന് മറ്റൊരു ഐഡന്റിറ്റിയില്‍ ജീവിക്കാന്‍ അദ്ധേഹവും ആഗ്രഹിച്ചു.
സാര്‍വ്വത്രിക സ്‌നേഹം എന്നതാണ് ബ്ലെയ്ക്കിനെയും റൂമിയേയും അടുപ്പിച്ച് നിര്‍ത്തുന്ന പ്രധാന ഘടകം. അവയുടെ സ്‌നേഹത്തെക്കുറിച്ചുള്ള രചനകള്‍ കാലത്തിനും സംസ്‌കാരത്തിനും ദേശത്തിനും വര്‍ഗ്ഗത്തിനും മുകളിലൂടെ സഞ്ചരിച്ചവയാണ്‍ണ്. ആത്മീയതയില്‍ അടിയുറച്ച് വിശ്വസിച്ചവരായിരുന്നു ഇരുവരും. പ്രപഞ്ചത്തിലെ ദൈവസൃഷ്ടികളെക്കുറിച്ച് പ്രകീര്‍ത്തിക്കാനും അതിന്റെ സവിശേഷതകളെക്കുറിച്ച് വര്‍ണ്ണിക്കാനും അവര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ലോകം സാക്ഷ്യം വഹിച്ചത് അനശ്വരമായ രചനകളുടെ ആവിഷ്‌കാരങ്ങളായിരുന്നു. അത് കൊണ്ടാണ് വില്യം ബ്ലെയ്ക്കും ജലാലുദ്ധീന്‍ റൂമിയും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നത്. റൂമിയെ ഏറ്റവും കൂടുതല്‍ ഇന്ന് ആഘോഷിക്കുന്നത് അമേരിക്കക്കാരാണ്‍ണ്. സ്‌നേഹത്തിന്റെയും ആനന്ദത്തിന്റെയണ്‍ും കവി എന്ന് റൂമിയെ അവര്‍ വാഴ്ത്തിപ്പാടുന്നു. മൗനമായിരുന്ന് മൗനമായി നടന്ന് റൂമി സ്രഷ്ടാവിന്റെ ഭാഷ മനസ്സിലാക്കി. ബ്ലെയ്ക്കും ശ്രമിച്ചത് സ്രഷ്ടാവിന്റെ ഭാഷ മനസ്സിലാക്കാനാണ്.
Great work
ReplyDeleteFantastic
ReplyDelete