ഷബീബ് ഏലായി
ചിത്ര കലയുടേയും സാഹിത്യത്തിന്റേയും ആത്മാവിനെ സ്പര്‍ശിക്കുവാന്‍ പോലും സിദ്ധിയുള്ള പ്രതിഭാപ്രഭാവനും, ഗദ്യത്തിലും പദ്യത്തിലും ഛായാപടത്തിലും സൗന്ദര്യ സന്നിവേശങ്ങളുടെ സൗവര്‍ണ്ണ വീചികളായി അനുവാചകന് അനുഭൂതിയും അനുഭവവും അതിലേറെ അറിവുമായി മനുഷ്യത്വത്തിന്റെ മഹത്വമെന്തെന്ന് ആരായുകയും, കണ്ടെത്തി സ്വാംശീകരിക്കുകയും ചെയ്ത സാഹിത്യകാരന്‍ ജിബ്രാന്‍ ഖലീല്‍ ജിബ്രാന്‍ 1883 ല്‍ പടിഞ്ഞാറന്‍ ലെബനാനിലെ ബിഷാറി (bsharri) പട്ടണത്തിലെ ഒരു ദരിദ്ര കൃസ്ത്യന്‍ കുടുംബത്തിലാണ് ജനിക്കുന്നത്. രണ്ടാം മഹായുദ്ധ കാലത്ത് ലെബനാനും സിറിയയും രണ്ടായി വിഭജിക്കുന്നതിന് മുമ്പ് ലെബനാന്‍ സിറിയയുടെ ഭാഗമായിരുന്നതിനാല്‍ തന്നെ ജിബ്രാന്‍ സിറിയന്‍ കവിയായും ലെബനാന്‍ കവിയായും വിശേഷിപ്പിക്കപ്പെടുന്നു. ജിബ്രാന് കുട്ടിക്കാലം മുതലേ പള്ളിയില്‍ പോകുന്ന ശീലമുണ്ടായിരുന്നില്ല. ആയതിനാല്‍ തന്നെ സ്വന്തം മൃത്യുവില്‍ അന്ത്യകൂദാശകളെല്ലാം അദ്ധേഹം നിഷേധിച്ചിരുന്നു. ജിബ്രാന്റെ മാതാവിന്റെ ആദ്യ ഭര്‍ത്താവ് മരിച്ച ശേഷം പീറ്റര്‍ എന്ന ഒരേയൊരു മകനുമായി ബ്രസീലില്‍ ക്ലേശജീവിതം നയിച്ചുകൊണ്ടിരുന്നപ്പോഴാണ് അവരുടെ സംഗീതത്തിലെ പ്രാവീണ്യം കാരണമായി ജിബ്രാന്റെ പിതാവിലൂടെ രണ്ടാം വിവാഹ ജീവിതത്തിലേക്ക് അവര്‍ പ്രവേശിക്കുന്നത്.
ശൈശവദശയും രചനകളും
ഉദാരമതിയും സ്ഥിരോത്സാഹിയും ഇച്ഛാശക്തിയുമുള്ള അമ്മയാണ് വികാര ജീവിയായ ജിബ്രാന്‍ എന്ന കവിയെ ഏറെ സ്വാധീനിച്ചത്. ജിബ്രാന്റെ പേരിന്റെ ആദ്യ ഭാഗം (ജിബ്രാന്‍) അദ്ധേഹത്തിന്റേതും, രണ്ടാം ഭാഗം (ഖലീല്‍) പിതാവിന്റേതും, മൂന്നാം ഭാഗം (ജിബ്രാന്‍) പ്രപിതാവിന്റേതുമായിക്കൊണ്ട് അറബ് രീതിയനുസരിച്ചും പ്രപിതാവിന്റെ നാമധേയവുമാണ് കവിക്ക് കിട്ടിയത്. പന്ത്രണ്ടാം വയസ്സു മുതല്‍ രണ്ട് വര്‍ഷം പഠിച്ച ക്വിന്‍സി പബ്ലിക്ക് സ്‌കൂളിലെ അധ്യാപികക്ക് ജിബ്രാന്റെ പേര് വിചിത്രമായി തോന്നുകയും(റോമന്‍ അക്ഷരമാലയില്‍ 'ഖ' എന്ന അറബി അക്ഷരമില്ല) 'കലില്‍ ജിബ്രാന്‍ (kahlil gibran)' എന്നാക്കി മാറ്റുകയണ്‍ും ചെയ്തു. അമ്മയുടെ പ്രേരണയും പ്രോത്സാഹനവുമാണ് ജിബ്രാനെ ഒരു ചിത്രകാരനാക്കി മാറ്റിയത്. അവരുടെ കഥകള്‍ കേട്ടാണ് താന്‍ ചിത്രാകരനായതെന്ന് ജിബ്രാന്‍ പറഞ്ഞിരുന്നു. സൗന്ദര്യ ശാസ്ത്രത്തിന്റെ തത്വമീമാംസയും മന:ശാസ്ത്രവും പ്രകടമാക്കിയ കവികൂടിയാണ് സ്മര്യപുരുഷന്‍.
സഹജീവികളോട് ഒരു കവിക്കുള്ള ഉത്തരവാദിത്വവും അര്‍പ്പണ ബോധവും ലക്ഷ്യവുമെല്ലാം എക്കാലത്തും അദ്ധേഹം സ്വന്തം കൃതികളിലൂടെ പ്രകാശിപ്പിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യ സമൂഹത്തിന്റെ വ്യാകുലതകളും ചുറ്റുപാടുകളുമാണ് ജിബ്രാന്‍ വിവരിച്ചത്. സമകാലിക സമൂഹത്തിന്റെ രാഷ്ട്രീയവും മതപരവും തത്ത്വശാസ്ത്ര പരവുമായ പ്രതിബദ്ധത പുലര്‍ത്തുന്നവയായിരുന്നു അദ്ധേഹത്തിന്റെ കവിതകള്‍. പാരമ്പര്യ വിശ്വാസാചാരങ്ങളിലൂടെയും വീട്ടുകാരുടേയും മറ്റും പ്രേരണയിലൂടേയുമുള്ള വിവാഹങ്ങളിലൂടെ സ്‌നേഹത്തിന് കേടുപാടുകള്‍ സംഭവിക്കുമെന്ന് ജിബ്രാന്‍ എഴുതിയിട്ടുണ്ട്. മനുഷ്യരുടെ ഛായാചിത്രങ്ങള്‍ക്ക് പുറമെ ജിബ്രാന്‍ ധാരാളം നഗ്നമനുഷ്യ ശരീരങ്ങള്‍ വരച്ചു. വസ്ത്രത്തില്‍ പൊതിഞ്ഞ ശരീരത്തെ ഒരിക്കലും അദ്ധേഹം വരച്ചില്ല.
കുടുബത്തിന്റെ ദാരിദ്ര്യം കാരണമായി യു.എസ്സിലേക്ക് കുടിയേറിയതിന് ശേഷം മൂന്ന് വര്‍ഷത്തെ അറബി പഠനത്തിനായി അദ്ധേഹത്തിന് ലെബനാനില്‍ താമസിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. ഇക്കാലത്താണ് ഹലാദാഹേര്‍ എന്ന സുന്ദരിയുമായി പ്രണയത്തിലായതും സാഹചര്യം എതിരായതിനാല്‍ പിരിയേണ്ടി വന്നതും, പിന്നീട് ജിബ്രാന്‍ വിവാഹത്തെ വെറുക്കുകയണ്‍ും ചെയ്തു. അക്കാലത്ത് ചിത്ര രചനയില്‍ നൈപുണ്യം നേടാനായി പാരീസിലെത്തിയെങ്കിലും കുടുബത്തിലേക്ക് ക്ഷയരോഗം കാലെടുത്തു വെച്ചതോടെ മടങ്ങേണ്ടി വരികയും, അതേ വര്‍ഷത്തില്‍ തന്നെ സഹോദരി ക്ഷയരോഗം ബാധിച്ച് മരണത്തിന് കീഴ്‌പ്പെടുകയും, തൊട്ടടുത്ത വര്‍ഷം കുടുബത്തിന്റെ ഏക അത്താണിയായിരുന്ന സഹോദരന്‍ പീറ്ററും, മൂന്നു മാസത്തിനു ശേഷം അമ്മയും രോഗബാധിതയായി മരണപ്പെട്ടു. ആദ്യകാലത്തെ അദ്ധേഹത്തിന്റെ ഛായാപടങ്ങളെല്ലാം ഒരു തീപ്പിടുത്തത്തില്‍ വെന്ത് ചാമ്പലായി എന്നതാണ് ദുരന്തങ്ങള്‍ നിരന്തരം വേട്ടയാടപ്പെട്ട കവിയുടെ ഹൃദയത്തെ നടുക്കിയ മറ്റൊരനുഭവം.
രചനാമേഖലയില്‍ ജിബ്രാന്‍ വിശ്വപ്രസിദ്ധനാവുന്നത് പാരീസില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് 'പ്രതിഷേധിക്കുന്ന ആത്മാക്കള്‍' എന്ന പ്രഥമ പുസ്തകത്തിലൂടെയായിരുന്നു. മധ്യ-കിഴക്കന്‍ രാജ്യങ്ങളുടേയും പടിഞ്ഞാറിന്റെയും ഹിന്ദുത്വ ആശയങ്ങളെ ജിബ്രാന്‍ സമന്വയിപ്പിച്ചിരുന്നു. അമേരിക്കന്‍ വായനക്കാരേയും യുണൈറ്റഡ് സ്റ്റേറ്റ്‌സിനെ ചെറുക്കുന്ന ചില സമ്മര്‍ദ്ദങ്ങളേയും തമ്മില്‍ ജിബ്രാന്‍ തന്റെ കൃതികളിലൂടെ അടുപ്പിച്ചു.
ജിബ്രാന്റെ മുപ്പത്തിയഞ്ചാം വയസ്സിലാണ് അദ്ധേഹത്തിന്റെ ഘോഷയാത്ര (the procession) എഴുതിയത്. ഇതിന്റെ കരട് കോപ്പി ആദ്യം എഴുതപ്പെട്ടത് അറബിയിലാണ്. കവിതകളും സൂക്തങ്ങളുമടങ്ങുന്ന 'ഭ്രാന്ത'നാണ് (the madman) ഇംഗ്ലീഷിലെഴുതപ്പെട്ട ആദ്യ പുസ്തകം. വായനക്കാരന് ഒരു രണ്ടാം ബൈബിളായിത്തീര്‍ന്നുവെന്ന് പുരോഹിതര്‍ പോലും പറഞ്ഞ 'പ്രവാചകന്‍' (the prophet) ആണ് അദ്ധേഹത്തിന്റെ മാസ്റ്റര്‍പീസ്സ്. മനുഷ്യ വികാരങ്ങളുള്ള, എന്നാല്‍ ലൈംഗിക പ്രേരണകളെ അതിശയത്തോടെ നോക്കിക്കാണുന്ന, അനീതിയേയും അക്രമങ്ങളേയണ്‍ും ചെറുക്കുന്ന വ്യക്തിത്വമായ യേശുവിനെ പരിചയപ്പെടുത്തുന്ന 'മനുഷ്യ പുത്രന്‍ യേശു' (jesuse the son of man) ആണ് മറ്റൊരു പ്രധാന കൃതി. ജിബ്രാന്‍ യേശുവിലും അദ്ധേഹത്തിന്റെ സുവിശേഷങ്ങളിലും തല്‍പരനായിരുന്നു. 'സഞ്ചാരി' (the wanderer) എന്ന പുസ്തകത്തിന്റെ പണിപ്പുരയിലായിരിക്കവെയാണ് അദ്ധേഹം മരണ മാലാഖയുടെ വിളിക്ക് മറുപടി നല്‍കിയത്.
സ്‌നേഹ സുകൃത് വീചി
സ്‌നേഹത്തിന് ജിബ്രാന്റെ തത്ത്വശാസ്ത്രത്തില്‍ ഏറ്റവും വലിയ സ്ഥാനമാണ് കല്‍പ്പിച്ചിട്ടുള്ളത്. ശരീരത്തിന്റേയും മനസ്സിന്റേതുമായ മാനുഷിക നിലനില്‍പ്പില്‍ ലയിച്ചു ചേര്‍ന്ന രണ്ടു തലത്തിലുള്ള പ്രണയങ്ങളെ ജിബ്രാന്‍ നിര്‍വ്വചിച്ചിട്ടുണ്ട്. മരണത്തേക്കാള്‍ കടുപ്പമുള്ളതാണ് പ്രണയമെന്ന് പ്രസ്താവിക്കുകയും, കാലവും സമയവുമില്ലാത്ത പ്രണയത്തില്‍ ജിബ്രാന്‍ വിരഹികളുടെ ആത്മാവിനെ അനാവരണം ചെയ്തിട്ടുമുണ്ട്. സ്‌നേഹം മരണത്തേക്കാള്‍ ശക്തമാണ്, കാരണം അത് ദൈവത്തിന്റെ ഉല്‍കൃഷ്ട പാരിതോഷികമാണ്. ദൈവം അനശ്വരതയാണ്, ദൈവത്തെ സകലതിനും കുറ്റപ്പെടുത്തുന്നതിനു പകരം ജിബ്രാന്‍ തിന്മയില്‍ നന്മ കണ്ടെത്തുകയും ദു:ഖത്തില്‍ സന്തോഷം കാണ്ടെത്തുവാനും ശ്രമിച്ചു. ദു:ഖത്തെ നോക്കി പുഞ്ചിരിക്കുന്ന ജിബ്രാന്റെ ഈ നിലപാട് ആത്മ പ്രേമത്തോളം ഉന്നതമാണ്. നാം ജനിക്കുമ്പോള്‍ സ്വത്വത്തിന്റെ പാതി മാത്രമേയുള്ളൂ, മറ്റേ പാതി നമുക്ക് പുറത്താണ്. അതു കണ്ടു പിടിക്കപ്പെടുന്നത് സ്‌നേഹത്തിന്റെ കണ്ടെത്തലിലൂടെ മാത്രമാണെന്നാണ് ഈ വിശ്വ പ്രതിഭ പ്രവാചവകനിലൂടെ വ്യക്തമാക്കുന്നത്.
അറബി തത്ത്വജ്ഞാനികളേയും ചിന്തകരേയും കുറിച്ച് പഠിക്കുമ്പോള്‍ പുസ്തകങ്ങളില്‍ കണ്ടിരുന്ന അവരുടെ ചിത്രങ്ങള്‍ മനസ്സില്‍ പതിപ്പിക്കുകയും പതിനേഴാം വയസ്സ് മുതല്‍ കടലാസ്സില്‍ പകര്‍ത്തിക്കൊണ്ടേയിരിക്കുകയും ചെയ്തിരുന്നു. ശേഷം ഈ ചിത്രങ്ങള്‍ ബോസ്റ്റണിലെ ഒരു സ്റ്റുഡിയോയില്‍ പ്രദര്‍ശിപ്പിച്ചുവെങ്കിലും അവയാണ് അഗ്നിബാധയില്‍ പിന്നീട് നഷ്ടമായത്. അന്നത്തെ ചിത്രങ്ങളില്‍ പക്വതയുടെ പരിപൂര്‍ണ്ണത ഇല്ലാത്തത് കൊണ്ടാവാം നശിച്ചു പോയത് എന്നായിരുന്നു അദ്ധേഹത്തിന് തോന്നിയത്. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പു തന്നെ ജിബ്രാന്‍ കവിതകളും അറബിയിലുള്ള ലേഖനങ്ങളും എഴുതിയിരുന്നു. എഴുത്തു കൊണ്ട് ജീവിക്കാനുള്ളത് കിട്ടില്ല എന്ന അറിവ് അദ്ധേഹത്തെ ചിത്രങ്ങളുടെ ലോകത്തേക്ക് തന്നെ മടങ്ങാന്‍ നിര്‍ബന്ധിതമാക്കി. ന്യൂയോര്‍ക്ക് സിറ്റി മെട്രോ പൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ (the newyork city metropolitan museum of art) ജിബ്രാന്റെ അഞ്ച് പെയിന്റുകളുണ്ട്. ആദ്യ കാലങ്ങളില്‍ അറബി കവിതകള്‍ എഴുതുവാനേ ജിബ്രാന് വശമുണ്ടായിരുന്നുള്ളൂ. അന്നത്തെ അറബി കവിതകളെ അനുധാവനം ചെയ്യണമെങ്കില്‍ കയ്യില്‍ ഒരു നിഘണ്ടു വേണമെന്ന് മറ്റ് കവികള്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും ജിബ്രാന്റെ കവിതകള്‍ അറബി കാവ്യലോകത്ത് ഒരു നൂതന ചക്രവാളം തുറന്നിടുകയായിരുന്നു.
സാഹോദര്യത്തെക്കുറിച്ച് ജിബ്രാന്‍ പറയുന്നത് 'കരുത്തന്മാര്‍ക്കിടയില്‍ ദുര്‍ബ്ബലനും ദുരമൂത്ത സമ്പന്നര്‍ക്കിടയില്‍ ദരിദ്രനുമായത് കൊണ്ടാണ് ഞാന്‍ നിന്നെ സ്‌നേഹിച്ചത്. ഇക്കാരണങ്ങളാലാണ് ഞാന്‍ നിനക്കുവേണ്ടി കണ്ണുനീര്‍ ചൊരിച്ചതും സമാശ്വസിപ്പിച്ചതും. പ്രിയ സഹോദരാ, നീയൊരു കൃസ്ത്യന്‍ പള്ളിയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നവനായാലും, അമ്പലത്തില്‍ പൂജ ചെയ്യുന്നവനായാലും, പള്ളിയില്‍ നിസ്‌കരിക്കുന്നവനായാലും ആരായാലും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്നാണ്. പല മതങ്ങളും ദൈവത്തെ പുല്ലിംഗമായാണ് കാണുന്നത്, എനിക്ക് ദൈവം അച്ഛനേക്കാള്‍ അമ്മയാണ്, അല്ലെങ്കില്‍ മാതാവിന്റെയും പിതാവിന്റെയും ചേര്‍ച്ചയാണെന്നാണ് ദൈവത്തെക്കുറിച്ച് പറഞ്ഞത്. സ്‌നേഹമെന്നത് ദൈവങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ വാറ്റിയെടുത്ത് മനുഷ്യ ഹൃദയത്തിലേക്ക് പകരുന്ന വീഞ്ഞാണ്.
എഴുത്തുകാരനെ തരം തിരിക്കുന്ന ജിബ്രാന്റെ അസാധാരണ സിദ്ധികൂടി നമുക്ക് പരിശോധിക്കാം. താങ്കള്‍ ആള്‍കൂട്ടത്തില്‍ തലയുയര്‍ത്തി നടക്കുന്ന, ഭൂതകാലത്തെയോര്‍ത്ത് തല പുകക്കുന്ന, യുഗങ്ങളുടെ അവശിഷ്ടങ്ങള്‍ പേറി നടക്കുന്ന എഴുത്തുകാരനാണെങ്കില്‍ കെട്ടി നില്‍ക്കുന്ന ജലാശയം പോലെയാണ്. എന്നാല്‍ താങ്കള്‍ ആഴത്തില്‍ ചിന്തിക്കുന്ന, ആത്മ സ്വത്വത്തെ വിശകലനം ചെയ്യുന്ന, കഴമ്പില്ലാത്തവയെയണ്‍ും തിന്മയെയും വര്‍ജ്ജിക്കുന്ന, എന്നാല്‍ ഉപയോഗമുള്ളതും നന്മയേറിയതുമായവ സൂക്ഷിക്കുകയും ചെയ്യുന്ന സാഹിത്യകാരനാണെങ്കില്‍ നിങ്ങള്‍ വിശക്കുന്നവന് അപ്പമാവുന്ന ദാഹിക്കുന്നവന് കുളിര്‍ജലമാവുന്ന എഴുത്തുകാരനാണ്.
ജിബ്രാന്റെ കത്തുലോകം
ഖലീല്‍ ജിബ്രാന്റെ കത്തുകള്‍ ലോക പ്രസിദ്ധമാണ്. തന്റെ കവിതകളിലൂടെയും കഥകളിലൂടെയും മാത്രമല്ല, നിരന്തരമായ കത്തിടപാടുകളിലൂടെയും അനര്‍ഗ്ഗമായ സ്‌നേഹവും വാത്സല്യവും സൗഹൃദവും പ്രണയവുമെല്ലാം വെളിപ്പടുത്താന്‍ ജിബ്രാന്‍ സമയം കണ്ടെത്തി. തന്നോട് ആത്മബന്ധമുണ്ടായിരുന്നവര്‍ ക്കെല്ലാം ഹൃദയ കവാടം മലര്‍ക്കെ തുറന്നിട്ടു കൊണ്ട് ജിബ്രാന്‍ എഴുത്തുകളിലൂടെ സംവദിച്ചു. യഥാര്‍ത്ഥ ജീവിത പരീക്ഷണങ്ങളുടെ തീച്ചൂളയില്‍ വെന്ത് കറതീര്‍ന്ന ജിബ്രാന്റെ ജീവിതത്തിലെ ആന്തരീകവ്യഥകളണ്‍ും കുടുംബത്തിനകത്ത് പൊലിഞ്ഞു പോയ ജീവിതങ്ങള്‍ ബാക്കിയാക്കിയ കണ്ണുനീരും ജീവിതം കനിഞ്ഞനുഗ്രഹിച്ച പ്രണയാധിക്യവുമെല്ലാം ജിബ്രാന്‍ തന്റെ കത്തുകളിലൂടെ പ്രകാശിപ്പിച്ചു.
അക്കാലത്താണ് അഥവാ ജിബ്രാന് ഇരുപത്തൊന്നു വയസ്സുള്ളപ്പോള്‍ ഡേയ്‌സ് സ്റ്റുഡിയോയില്‍ (day's studio) യില്‍ വെച്ച് നടന്ന അദ്ധേഹത്തിന്റെ ചിത്ര പ്രദര്‍ശനത്തിലേക്ക് സുഹൃത്തിന്റെ ശുപാര്‍ശ പ്രകാരമെത്തിയ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലായ മേരി ഹാസ്‌കല്‍ എന്ന മുപ്പത്തൊന്നുകാരി അദ്ധേഹത്തിന്റെ ചിത്രത്തില്‍ തല്‍പ്പരയാവുകയും, ജിബ്രാന്‍ ചിത്രത്തെ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. അതായിരുന്നു ജീവിതകാലം മുഴുവനും നീണ്ടു നിന്ന സുന്ദരമായ ബന്ധത്തിന്റെ തുടക്കം. ജിബ്രാന്‍ ബോസ്റ്റണില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് മാറിയതിന് ശേഷം അവിടെ 'പര്‍ണ്ണശാല'എന്ന തന്റെ പുതിയ സ്റ്റുഡിയോ തുറക്കുകയായിരുന്നു. മേരി സ്വന്തം ചിലവില്‍ ജിബ്രാനെ ഫ്രാന്‍സിലേക്കയച്ച്, അവിടെ വെച്ച് പാരീസിലെ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ചേര്‍ന്ന് പഠിച്ചതിനു ശേഷമാണ് ജിബ്രാന് തന്റെ ചിത്രകലയില്‍ നൂതന സങ്കേതങ്ങള്‍ ആര്‍ജ്ജിച്ചെടുത്തത്.
മറ്റാരെക്കാളും മേരി ജിബ്രാനെ കൂടുതല്‍ അടുത്തറിയുകയും, ആയതിനാല്‍ തന്നെ അവരുടെ കരസ്പര്‍ശമോ പരിശോധനയോ ഇല്ലാതെ ഒരു കൃതിയും വെളിച്ചം കണ്ടിട്ടുമില്ല. പ്രഥമ പ്രണയത്തിന്റെയും വിവാഹ മോഹത്തിന്റെയും തകര്‍ച്ചയില്‍ വിവാഹത്തെ വെറുക്കുകയും അനേകം സ്ത്രീകളുടെ വിവാഹാഭ്യര്‍ത്ഥനകളെ ഒരു പ്രയാസവുമില്ലാതെ നിരസിക്കുകയും ചെണ്‍യ്ത കഥാ പുരുഷന്‍ മേരിയോട് വിവാഹമാലോചിച്ചപ്പോള്‍ 'ഒരു നല്ല ചങ്ങാത്തം മോശപ്പെട്ട പ്രേമബന്ധത്തിന്റെ പേരില്‍ തകരരുത്' എന്ന നിലപാടിലായിരുന്നു മേരി. മേരിയുമായി അടുത്തതിനു ശേഷമാണ് ജിബ്രാന് തന്റെ ധിഷണയെ പ്രകടമാക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. ഇംഗ്ലീഷ് പഠിപ്പിച്ചതും സാമ്പത്തികമായി സഹായങ്ങള്‍ നല്‍കിയതും സര്‍ഗ്ഗാത്മകതയില്‍ കൂട്ടാളിയായതുമെല്ലാം മേരിയായിരുന്നു. വേര്‍പ്പെടുമ്പോഴെല്ലാം അവര്‍ കത്തുകളിലൂടെ ആത്മരഹസ്യങ്ങള്‍ കൈമാറി. ജിബ്രാന്റെ നാല്‍പ്പത്തി മൂന്നാമത്തെ വയസ്സില്‍ മേരി 'ഫ്‌ളോറന്‍സ് മിനിസ' (florance minis) എന്ന ഒരു സമ്പന്നനെ വിവാഹം കഴിക്കുകയും ബോബോസ്റ്റണില്‍ നിന്നും മാറി സവാന്ന (ടമ്മിിമവ) എന്ന സ്ഥലത്തേക്ക് താമസം മാറുകയും ചെയ്തതിനു ശേഷം ജിബ്രാനുമായി പിന്നീട് ബന്ധമൊന്നുമുണ്ടായിട്ടില്ല.
ഈ കാലഘട്ടത്തിലാണ് ബര്‍ബറ യങ് എന്ന യുവതി ജിബ്രാനുമായി അടുക്കുന്നത്. പിന്നീട് വര്‍ഷങ്ങളോളം ജിബ്രാന്റെ പകര്‍ത്തെഴുത്തുകാരിയായിട്ടും ജിബ്രാന്‍-മേരി ബന്ധത്തെക്കുറിച്ച് അവര്‍ക്ക് കൂടുതലൊന്നും അറിവില്ലായിരുന്നുവെങ്കിലും ജിബ്രാന്റെ മരണശേഷം സ്റ്റുഡിയോയില്‍ നടത്തിയ തിരച്ചിലില്‍ ഒരു വലിയ പെട്ടി കണ്ടെത്തുകയും അതില്‍ മുഴുവന്‍ മേരി ഹാസ്‌കല്‍ എഴുതിയ കത്തുകളാണെന്ന് തിരിച്ചറിയുകയും ചെയ്തു. നാല്‍പ്പത്തിയെട്ടാം വയസ്സിലേക്ക് പ്രവേശിച്ചതു മുതല്‍ ആരോഗ്യനില കൂടുതല്‍ വഷളാവുകയും അന്നത്തെ ഏപ്രില്‍ മാസത്തിലെ ഒരു വ്യാഴാഴ്ച ഡോക്ടര്‍ വീട്ടിലെത്തി ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അന്നത്തെ രാത്രി സ്റ്റുഡിയോയില്‍ താമസിക്കണമെന്ന ജിബ്രാന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വരികയും ചെയ്തു. അടുത്ത ദിവസം കാലത്ത് ആശുപത്രിയിലെത്തിക്കുകയും ഉച്ചക്ക് രണ്ടു മണിയോടെ കോമാസ്‌റ്റേജിലേക്കെത്തുകയും, അങ്ങനെ ലോകം കണ്ട കലാ-സാഹിത്യ രംഗത്തെ ഉജ്വലപ്രതിഭാശാലിയും അതുല്യനായ കവിയും അപ്രതിമനായ ചിത്രകാരനും അനിഷേധ്യനായ മനുഷ്യസ്‌നേഹിയുമായ ആ നാല്‍പ്പത്തെട്ടുകാരന്‍ ഗുരുതരമായ കരള്‍ രോഗവും ശ്വാസകോശത്തില്‍ ക്ഷയരോഗവും കാരണാമായി ഈ സാഹിത്യ ലോകത്ത് നിന്നും എന്നന്നേക്കുമായി വിടവാങ്ങി.
No comments:
Post a Comment