മുനവ്വര്‍ അലിഷാന്‍
കേരളത്തിലെ ധൈഷണിക സാംസ്‌കാരിക പാരമ്പര്യത്തെ പ്രവാചക കാലഘട്ടത്തിലേക്ക് ചേര്‍ത്ത് വായിച്ചുകൊണ്ടാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഇസ്ലാമിലെ രണ്ടാം ഖലീഫ ഉമര്‍ (റ) ന്റെ കാലഘട്ടത്തില്‍ (AD 639) തന്നെ ഇസ്ലാമിക വൈജ്ഞാനിക പ്രസരിപ്പില്‍ കേരളം പങ്കുചേര്‍ന്നിട്ടുണ്ട്. ആദ്യകാലങ്ങളില്‍ കേരളീയ വൈജ്ഞാനിക മേഖലകള്‍ കര്‍മ്മങ്ങളിലും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലും ചുരുങ്ങിക്കൂടിയിരുന്നു. വിശ്വാസപരമായ ഉസൂലിയ്യായ അറിവുകള്‍ ആ കാലത്ത് വേണ്ടത്ര വേരൊഴുക്കുകള്‍ സൃഷ്ടിച്ചിരുന്നില്ല. സൈനുദ്ധീന്‍ മഖ്ദൂം (റ) ന്റെ ഫത്ഹുല്‍ മുഈന്‍ (AD 1575) ഏറ്റവും മികച്ച കര്‍മ്മശാസ്ത്ര വിപ്ലവത്തിന് വേദിയായതോടെ കേരളീയ ധൈഷണിക മുന്നേറ്റത്തിന് പുതുമാതൃകകള്‍ നല്‍കപ്പെടുകയായിരുന്നു. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, നഹ്‌വ് തുടങ്ങിയ മിക്ക ഫസ്‌ലുകളിലും കേരളീയ വിജ്ഞാന ചിന്താധാരകള്‍ പിന്നീട് വിഹരിക്കുകയുണ്ടായി. എന്നാല്‍ തഫ്‌സീര്‍ രചനാ രംഗത്ത് നിലനിന്നിരുന്ന വലിയൊരു വിടവ് നികത്തപ്പെട്ടത് സയ്യിദ് ഇസ്മാഈല്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ രചിച്ച അലാഹാമിശിത്തഫാസീര്‍ തഅ്‌ലീഖാതുന്‍ അലാ തഫ്‌സീരില്‍ ജലാലൈന്‍ (ഹി. 1428) എന്ന ഗ്രന്ഥമാണ്.
തഫ്‌സീര്‍ രചനാ രംഗത്ത് കേരളീയ മുന്നേറ്റം
മതവിജ്ഞാനങ്ങളുടെ ആഴത്തിലും വിശാലവുമായ പഠനങ്ങള്‍ കേരളത്തില്‍ ആദ്യകാലം മുതല്‍ക്കേ ആരംഭിച്ചിരുന്നു. എന്നാല്‍, ഖുര്‍ആന്‍ വ്യാഖ്യാന രംഗത്തെ സംഭാവനകള്‍ വിരളമാണ്.
പണ്ഡിത ഭൃത്യത്തെ നേരില്‍ കണ്ട് കേരളത്തിലെ മുസ്‌ലിം വൈജ്ഞാനിക മുന്നേറ്റത്തിന് കാലോചിതമായ മാറ്റങ്ങള്‍ നല്‍കുകയും പാരമ്പര്യ ദീനീ വിശ്വാസ ധാരകള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്ത പ്രതിഭാധനനായ പണ്ഡിതനായിരുന്നു പാനൂര്‍ സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ധീന്‍ പൂക്കോയ തങ്ങള്‍ എന്ന പാനൂര്‍ തങ്ങള്‍.
ജനനവും ജീവിതവും
കാസര്‍ഗോഡ് ജില്ലയിലെ തളങ്കരയില്‍ ഹുസൈന്‍ കോയമ്മ തങ്ങളുടെയും ഫാത്വിമ കുഞ്ഞിബീവിയുടേയും മകനായി ക്രിസ്താബ്ദം 1936 ജനുവരിയില്‍ പാനൂര്‍ തങ്ങള്‍ ജന്മം കൊണ്ടു. പിതാവ് ആയുര്‍വേദത്തിലും യൂനാനിയിലും പാണ്ഡിത്യം നേടിയ വൈദ്യനും സൂഫീവര്യനുമായിരുന്നു. ഈ മേഖലയില്‍ ധാരാളം രചനകളും അദ്ധേഹം സംഭാവന ചെയ്തു.
ചെറുപ്രായത്തില്‍ തന്നെ മാതാവ് നഷ്ടപ്പെട്ട അദ്ധേഹത്തിന്റെ കുട്ടിക്കാലം ഇല്ലായ്മയുടേയും വല്ലായ്മയുടേയും ലോകമായിരുന്നു. അമ്മാവന്റെ കീഴിലായിരുന്നു പിന്നീടദ്ധേഹം വളര്‍ന്നത്. ഗോളശാസ്ത്ര പണ്ഡിതനും കാഞ്ഞങ്ങാട് ഖാളിയുമായിരുന്ന യു.കെ ആറ്റക്കോയ തങ്ങള്‍, സയ്യിദ: ഫാത്വിമ എന്നിവരാണ് സഹോദര സഹോദരിമാര്‍.
പഠനം ഉപരിപഠനം
പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍ നിന്നായിരുന്നു. പിന്നീട് 1945 ല്‍ സഹോദരനോടൊപ്പം കാസര്‍ഗോഡ് ഖാളിയായിരുന്ന അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. രണ്ട് വര്‍ഷം കൊണ്ട് ഫത്ഹുല്‍ മുഈനടക്കം ധാരാളം കിതാബുകള്‍ ഓതിത്തീര്‍ത്തു. രണ്ടാം ക്ലാസ്സ് വരെ കണ്ണൂര്‍ പ്ര ാഥമിക വിദ്യാലയത്തില്‍ പഠിച്ചത് മാത്രമായിരുന്ന സ്‌കൂള്‍ വിദ്യാഭ്യാസം. ദര്‍സ് പഠനത്തിന് ശേഷം ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെയും കുട്ടി മുസ്‌ലിയാരുടേയും ശിഷ്യത്വം സ്വീകരിച്ചു.
കിതാബ് മുതാലഅ ചെയ്യുന്നതിലും മന:പാഠമാക്കുന്നതിലും തങ്ങള്‍ പ്രത്യേക ഉത്സാഹം കാണിച്ചിരുന്നു. 1948 മുതല്‍ 1951 വരെ പ്രഗത്ഭ പണ്ഡിതനും സൂഫിവര്യനുമായ ഉള്ളാള്‍ തങ്ങളുടെ കീഴില്‍ കിതാബോതാനും അദ്ധേഹത്തിന് ഭാഗ്യം സിദ്ധിച്ചു. ഖുര്‍ത്വുബി പോലുള്ള പ്രധാന കിതാബുകള്‍ ശംസുല്‍ ഉലമയില്‍ നിന്നാണ് അദ്ധേഹം കരസ്ഥമാക്കിയത്. 1952 ല്‍ ശംസുല്‍ ഉലമയുടെ നിര്‍ദ്ദേശ പ്രകാരം ചെമ്പന്‍ കടവിലെ കുട്ടിമുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു.
വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലെ പ്രൊഫസറായിരുന്ന അല്ലാമാ കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ പ്രിയപ്പെട്ട ശിഷ്യനായി 1956 വരെ അദ്ധേഹം പഠിച്ചു. അദ്ധേഹം തന്നെയായിരുന്നു പ്രധാന ഗുരു. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാന്‍ പല രാത്രികള്‍ ഉറക്കൊഴിച്ചതായി ഉസ്താദ് സ്മരിക്കാറുണ്ടായിരുന്നു.
പ്രശസ്ത പണ്ഡിതന്മാരുടെ ശിക്ഷണത്തില്‍ 1957-1959 ദയൂബന്ദ് ദീറുല്‍ ഉലൂമില്‍ നിന്നാണ് അദ്ധേഹം ബിരുദം കരസ്ഥമാക്കിയത്. പാനൂര്‍ തങ്ങളെന്ന പണ്ഡിതനെ അവിടുത്തെ ഗുരുനാഥന്മാരും സുഹൃത്തുക്കളും തിരിച്ചറിഞ്ഞിരുന്നു. എല്ലാ മേഖലയിലും അഗാധമായ ജ്ഞാനം കരസ്ഥമാക്കാന്‍ അദ്ധേഹത്തിന് സാധിച്ചു. ഭാഷാപരിജ്ഞാനത്തിനും ശാസ്ത്ര വിഷയങ്ങള്‍ക്കും അദ്ധേഹം വലിയ മൂല്യം കല്‍പ്പിച്ചിരുന്നു.
ഒരഭിമുഖത്തില്‍ അദ്ധേഹം ഇങ്ങനെ സമര്‍ത്ഥിക്കുന്നുണ്ട് 'ഇല്‍മ് എന്നാല്‍ ശാസ്ത്രമാണ്, ആലിം ശാസ്ത്രജ്ഞനും'. ദയൂബന്ദ്് പ്രിന്‍സിപ്പലായിരുന്ന ഹുസൈന്‍ അഹ്മദ് മദനിയുടെ അനുസ്മരണ സദസ്സില്‍ അനുശോചന കവിതാ മത്സരത്തില്‍ ഉര്‍ദുവില്‍ തങ്ങള്‍ രചിച്ച കവിത ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ദയൂബന്ദിലെ ഗുരുവര്യന്മാര്‍ പാനൂര്‍ തങ്ങളുടെ ഗ്രാഹ്യണ്‍ശക്തിയേയും സാമര്‍ത്ഥ്യത്തെയും തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. മൗലാനാ ഹുസൈന്‍ അഹ്മദ് മദനി, മൗലാനാ ഫഖ്‌റുദ്ധീന്‍ അഹ്മദ്, മൗലാനാ മുഹമ്മദ് ത്വയ്യിബ് എന്നിവരായിരുന്നു അവിടത്തെ പ്രധാന ഗുരുവര്യന്മാര്‍.
അലാ ഹാമിശിത്തഫാസീര്‍
ഉത്തരേന്ത്യന്‍ പണ്ഡിതന്മാരെ പോലെ നിരന്തരമായ എഴുത്തില്‍ ജീവിതം മുഴുവന്‍ കഴിച്ചു കൂട്ടിയ അദ്ധേഹം വശ്യ സ്വഭാവം എഴുത്തിലും സംസാരത്തിലും സൂക്ഷിച്ചിരുന്നു. ഗഹനമായ ഗവേഷണവണ്‍ും തനിമയാര്‍ന്ന ഗ്രന്ഥരചനാ ശൈലിയും അറബി ഭാഷാ-സാഹിത്യ നൈപുണ്യവണ്‍ും അദ്ധേഹത്തെ വ്യത്യസ്തനാക്കുന്നു. ഖുര്‍ആനിന്റെ മൂലഭാഷയില്‍ രചിക്കപ്പെട്ട ആലാ ഹാമിശിത്തഫാസീര്‍ അറബികളെപ്പോലും അത്ഭുതപ്പെടുത്തി ലോകശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ അവതരണ മികവ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 'അലാ ഹാമിശിത്തഫാസീര്‍ തഅ്‌ലീഖാതുന്‍ അലാ തഫ്‌സീരില്‍ ജലാലൈന്‍' എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പൂര്‍ണ്ണ നാമം.
അറബി ഭാഷയില്‍ വിശുദ്ധ ഖുര്‍ആനിന് വ്യാഖ്യാനമെഴുതിയ ആദ്യ മലയാളി പണ്ഡിതന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിന് ഒന്‍പത് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. ഒരു സമയത്ത് രചന പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. സൂറത്ത് ഹൂദ് വരെയുളള വലിയൊരു ഭാഗത്തിന്റെ തഫ്‌സീറെഴുത്ത് പൂര്‍ത്തീകരിച്ചെങ്കിലും സൂക്ഷിച്ച് വെച്ച എഴുത്തുകള്‍ റീസ്റ്റോര്‍ ചെയ്യാനാവാത്തവിധം നഷ്ടപ്പെട്ടപ്പോഴും നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും അദ്ദേഹത്തെ പുനരെഴുത്തിന് പ്രാപ്തനാക്കുകയായിരുന്നു. ഹിജ്‌റാബ്ദം 1419-1428 (1998-2007) വരെയുളള ദൈര്‍ഘ്യമേറിയ ഒന്‍പത് വര്‍ഷക്കാലം കൊണ്ട്് പൂര്‍ത്തീകരിച്ച അക്ഷീണ പഠന-മനനങ്ങളുടെ ഫലമായിരുന്നു ഈ വിശേഷ ഗ്രന്ഥം.
നിരവധി തഫ്‌സീറുകള്‍ ഇതിനകം വ്യാപകമായിട്ടുണ്ടെങ്കിലും സംക്ഷിപ്തവും സുതാര്യവുമായ തഫ്‌സീറുല്‍ ജലാലൈനിയാണ് അദ്ധേഹം മൂലകൃതിയായി തെരഞ്ഞെടുത്തത്. ഇമാം ത്വബ്‌രിയുടെ 'ജാമിഉല്‍ ബയാന്‍' മുതല്‍ പതിനെട്ടോളം തഫ്‌സീര്‍ ഗ്രന്ഥങ്ങള്‍ അപഗ്രഥിച്ചും അനുബന്ധ വിശദീകരണങ്ങള്‍ നല്‍കിയുമാണ് അദ്ധേഹം അവലംബമാക്കിയിട്ടുള്ളത്. ജലാലൈനിയുടെ വ്യാഖ്യാനത്തിന് അനുബന്ധ ചര്‍ച്ചകള്‍ എടുത്തുദ്ധരിക്കുമ്പോള്‍ വ്യക്തതയോടെയണ്‍ും കൃത്യതയോടെയും മൂലകൃതിയെ സൂചിപ്പിച്ചത് കൊണ്ട് ഒഴുക്കോടെ ഗ്രഹിക്കാനും നിരവധി ഗ്രന്ഥങ്ങളിലൂടെ കടന്നുപോകാനും വായനക്കാരന് സാധിക്കുന്നു.
ആഗോളീകരണത്തിന് ശേഷം ലോകക്രമീകരണത്തില്‍ വന്ന് മാറ്റങ്ങള്‍, സ്വത്വ പ്രതിസന്ധി, മത മൗലികവാദം, കമാനിസം, മൗദൂദിസം എന്നീ വിഷയങ്ങളെ അഗാധ തലങ്ങളിലേക്കിറങ്ങി പ്രതിപാധിക്കുന്നതില്‍ രചനാശൈലി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 1926 ല്‍ വ്യാപകമായ നവീനാശയത്തിന്റെ കടന്നുകയറ്റത്തെ നിശിതമായ തെളിവടിസ്ഥാനത്തില്‍ വിമര്‍ശിക്കുകയും ചേകന്നൂരിന്റെ 'തഫാസീര്‍ സുന്നത്ത് സൗസൈറ്റി' പോലുള്ള പ്രസ്ഥാനങ്ങള്‍ക്കെതിരെ അക്കമിട്ട് തെളിവ് സൂചികകള്‍ നിരത്തുകയും ചെയ്തത് സാധാരണക്കാര്‍ക്ക് പോലും പെട്ടെന്ന് ഗ്രഹിക്കാന്‍ സഹായകമാണ്.
അമലുകളുടെ അളവുതൂക്കത്തെ താപ-വൈദ്യുതികളുടെ ഗണനാരീതിയുമായി താരതമ്യപ്പെടുത്തി അദ്ധേഹം ചര്‍ച്ച ചെയ്യുന്നുണ്ട്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കാലക്രമീകരണങ്ങളേയും കാലയളവുകളേയും കണ്ടെത്തി രേഖപ്പെടുത്തിയത് ഈ തഫ്‌സീറിനെ വ്യത്യസ്തമാക്കുന്നതും പാനൂര്‍ തങ്ങളുടെ പാണ്ഡിത്യ ശുദ്ധിയെ വെളിവാക്കുന്നതുമാണ്. കേരളീയ സാഹചര്യങ്ങളിലെ അഹ്‌ലുസ്സുന്നത്തിനെതിരായ ആശയ വെല്ലുവിളികളെ വിശ്വാസാദര്‍ശ ധാരകള്‍ മുഖേന ഇതിലുള്‍ക്കൊള്ളിച്ചിരിക്കുന്നു. ശരീഅത്ത് പരിഷ്‌കരണവാദ കാലത്ത് മത ചിന്താ ദിശാസൂചിയുടെ കാലോചിത പരിഷ്‌കരണത്തെയാണ് അദ്ധേഹം ചര്‍ച്ച ചെയ്യുന്നത്.
വസ്തുതാധിഷ്ടിത അന്വേഷണങ്ങളുടേയും വിവര ശേഖരണത്തിന്റെ ശ്രേണീഭംഗമില്ലാത്ത ക്രോഡീകരണത്തിന്റെയും നിഗമനങ്ങളാണ് അലാ ഹാമിശിത്തഫാസീറിന്റെ മഹത്തായ സംഭാവന എന്നത് അര്‍ത്ഥ ഗാംഭീര്യതയില്‍ നിന്നും ഗഹനമായ പഠനങ്ങളില്‍ നിന്നും മനസ്സിലാകുന്നു.
No comments:
Post a Comment